ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ആശ്വാസ ഹസ്തങ്ങളുമായി സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും.
അപ്പര്‍കുട്ടനാട്, കുട്ടനാട് പ്രദേശങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കാണ് സംഘടനകള്‍ ഭക്ഷണം, വസ്ത്രം, ഭക്ഷ്യക്കിറ്റുകള്‍, കുപ്പിവെള്ളം, പായ, പുതപ്പ് തുടങ്ങിയ സാധനസാമഗ്രികള്‍ എത്തിക്കുന്നത്.
ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെട്ടിത്തുരുത്ത്, കിളിരൂര്‍, തായങ്കരി, വൈശ്യംഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ എത്തിച്ചുനല്‍കി. വരും ദിവസങ്ങളില്‍ ഈ സംഘടനയുടെ കാരുണ്യസേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തിക്കും.
റേഡിയോ മീഡിയ വില്ലേജ്, ചാരിറ്റി വേള്‍ഡ്, എസ്ജെസിസി, സിഎസ്എം എന്നിവര്‍ ഉദാരമതികളുടെ സഹകരണത്തോടെ വെട്ടിത്തുരുത്തിലെ ദുരിതബാധിത പ്രദേശത്ത് ഭക്ഷണ ക്കിറ്റുകള്‍ വിതരണം ചെയ്തു. റേഡിയോ മീഡിയ വില്ലേജ് വരുംദിവസങ്ങളിലും വിവിധ ക്യാമ്പുകളില്‍ ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും.
ചെത്തിപ്പുഴ സര്‍ഗക്ഷേത്രയുടെ നേതൃത്വത്തില്‍ കിടങ്ങറ, മാന്നാനം പ്രദേശങ്ങളില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു.
ബിജെപി മണ്ഡലം കമ്മിറ്റിയുടെയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ ഭക്ഷണക്കിറ്റും തുണിത്തരങ്ങളും വിതരണം ചെയ്തു. കോണ്‍ഗ്രസ് ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവത്തെ ദുരിതബാധിത വീടുകളില്‍ ഭക്ഷണസാധന കിറ്റുകളും കുടിവെള്ളവും എത്തിച്ചു.
വിനു ജോബ് എംഎല്‍എയുടെ ടിബി റോഡിലെ ഓഫീസിനോടുചേര്‍ന്ന് ദുരിതബാധിതര്‍ക്കായി വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും ശേഖരിക്കുന്നതിനുള്ള കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു.
റവന്യു മന്ത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
ചങ്ങനാശേരി: റവന്യു മന്ത്രി എ.പി. അനിൽകുമാർ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു.
വിനു ജോബ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ്, റവന്യു ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു. താലൂക്കിലെ 24 ക്യാമ്പുകളിലായി 828 കുടുംബങ്ങളിലെ 2,228 അംഗങ്ങളാണുള്ളത്.